ഗാര്‍സീനിയ ഫൌണ്ടേഷന് വേണ്ടി എഴുതുന്നത്:
അമ്മൂന്റെ സ്വന്തം ഡാര്‍വിന്‍

പാഠപുസ്തകത്തിലെ പരിണാമവും അധ്യാപകരുടെ (സമുഹത്തിന്റെ !) കാഴ്ചപ്പാടും ഒടുവില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന ആശയവും പലപ്പോഴും അങ്ങോട്ടുമിങ്ങോട്ടും മുഖം തിരിക്കാറുണ്ട്. ‘പരീക്ഷ’ എന്ന പ്രധാന കടമ്പ കൂടി മുന്നില്‍ വരുന്നതോടെ പരിണാമവും ഡാര്‍വിനും കുരങ്ങനും ഒക്കെ കപ്പല്‍ കയറി പോവുകയും ചെയ്യും. ‘ഇതാണ് ശാസ്ത്രം’ എന്ന് പറയുന്നതിന് അപ്പുറത്തേയ്ക്ക്, അത് എങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാക്കി കൊടുക്കാന്‍ പലപ്പോഴും നമ്മള്‍ക്ക് കഴിയാറില്ല. നാം തന്നെ സൃഷ്ടിച്ചു വെച്ച അത്തരം പരിമിതികളെ മറികടന്ന് ശാസ്ത്രത്തോടൊപ്പം സഞ്ചരിക്കാന്‍ കുട്ടികള്‍ക്ക് ഒരവസരം നല്‍കുകയാണ് ഇ. എന്‍. ഷീജയുടെ ‘അമ്മൂന്റെ സ്വന്തം ഡാര്‍വിന്‍’. ബാലസാഹിത്യരംഗത്ത് ശ്രദ്ധേയമായ സൃഷ്ടികള്‍ സമ്മാനിച്ച എഴുത്തുകാരിയുടെ ഈ ശാസ്ത്രനോവല്‍ ആദ്യം പുറത്ത് വരുന്നത് കട്ടികളുടെ ശാസ്ത്രമാസികയായ ‘യുറീക്ക’യിലൂടെയാണ്. പിന്നീട് പുസ്തകരൂപത്തിലേക്ക് മാറിയ ഈ രചനയുടെ സവിശേഷത അതിന്റെ ആഖ്യാനരീതി തന്നെയാണ്. ഒരു നൂറ്റാണ്ടിനപ്പുറം ജീവിച്ച ഒരു ശാസ്ത്രകുതുകിയുടെ ഒപ്പം വര്‍ത്തമാനകാലത്തെ ‘അമ്മു’വിനൊപ്പം വായനക്കാരായ ഓരോരുത്തരും സഞ്ചരിക്കുന്നു.
വളരെ ഹൃദ്യമായ രീതിയില്‍ ശാസ്ത്രം സംഭവിക്കുന്നതെങ്ങനെയെന്നും അന്വേഷകന്റെ ജീവിതവും നോവലില്‍ ചുരുള്‍ നിവരുന്നു. രസിച്ചു വായിക്കാവുന്ന ഒരു നോവലിനപ്പുറത്തേയ്ക്ക് ഇതൊരു അമൂല്യമായ ശാസ്ത്രഗ്രന്ഥം കൂടിയാണ്. അമ്മുവിന്റെയും അവളുടെ കുടുംബത്തിന്റെയും കൂടെയുള്ള അന്തരീക്ഷത്തില്‍, അന്വേഷിച്ച് കണ്ടെത്താനുള്ള ത്വരയെ കുട്ടികള്‍ക്ക് പരിചയമാകുന്നുണ്ട്. അറിയുന്നതിന്റെ ആവേശം, പ്രത്യേകിച്ചും ജീവലോകത്തെ പറ്റി; അത് ഏത് പ്രായത്തിലുള്ള വായനക്കാരനിലേയ്ക്കും എത്തിക്കാന്‍ ഈ കൊച്ചു പുസ്തകത്തിന് കഴിയുന്നു. ഡാര്‍വിന്റെ അധ്യാപകനില്‍ തുടങ്ങി കുടുംബത്തിലൂടെയും വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെയും സൌഹൃദങ്ങളിലൂടെയും ഒക്കെ കടന്നു പോകുന്ന എഴുത്ത് പ്രകൃതിയെ വായിക്കുന്നതിന്റെ കുഞ്ഞുപാഠങ്ങള്‍ ഉടനീളം ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ഡാര്‍വിന്‍ എന്ന ശാസ്ത്രകാരനെ രൂപപ്പെടുത്തുന്നതില്‍ ഈ പറഞ്ഞ ഘടകങ്ങള്‍ ഒക്കെ എങ്ങനെ സഹായിച്ചു എന്നത് പറയാതെ പറയുന്നതിലുള്ള മിടുക്ക് അഭിനന്ദനാര്‍ഹീയം. കുഞ്ഞുസംഭാഷണങ്ങളിലൂടെ മുന്നോട്ടുപോകുന്ന രചന ഒടുവില്‍ നമ്മെ കേംബ്രിഡ്ജിലേക്കും എച്ച്. എം. എസ് ബീഗിളിലേയ്ക്കും പിന്നീട് ഗാലപ്പഗോസ് ദ്വീപിലേയ്ക്കും കൊണ്ടുപോകുന്നു.
ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം തന്നെ ഏറെ അദ്ഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അനുഭവം; മുതിര്‍ന്ന (എന്ന് സ്വയം അവകാശപ്പെടുന്ന) ഒരാള്‍ക്ക് ഒരിക്കലും ഇനി സാധ്യമാവില്ലല്ലോ എന്ന് അറിഞ്ഞുകൊണ്ട് പഠിച്ചുതീര്‍ത്ത ഒരു യാത്ര, അതാണ് ഈ രചനയുടെ പിന്നീടുള്ള ഒഴുക്ക്. കൂറ്റന്‍ കരയാമകളുടെ പുറത്തു കയറി ഡാര്‍വിനും അമ്മുവും നീങ്ങുമ്പോള്‍ ഫാന്റസിയും ശാസ്ത്രവും തമ്മില്‍ ചേര്‍ത്തുവെച്ച അതിസൂക്ഷ്മമായ സങ്കേതം സമ്മാനിച്ച എഴുത്തുകാരിയെ അഭിനന്ദിക്കാതെ കഴിയില്ല. യുറീക്ക വായനക്കാര്‍ക്ക് പരിചിതമായ സതീഷിന്റെ വരകള്‍ ഈ സങ്കേതത്തെ ചെറുതായൊന്നുമല്ല ബലപ്പെടുത്തുന്നത്. പരിണാമത്തിന്റെ കാതലായ പല സിദ്ധാന്തങ്ങളും വളരെ ലളിതമായി, ഇഴചേര്‍ത്ത് അവതരിപ്പിക്കുകയും കൂടി ചെയ്യുന്ന ഈ രചന ഒരമൂല്ല്യ ബാലശാസ്ത്രസാഹിത്യകൃതിയെന്ന് പറയാതെ വയ്യ.
ഗ്രന്ഥകാരി: ഇ എന്‍ ഷീജ
പ്രസാധകര്‍: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
(2011 ലെ കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ മികച്ച ശാസ്ത്രകൃതിയ്ക്കുള്ള (ബാലസാഹിത്യം) പുരസ്കാരം നേടിയ കൃതി.
വില: 70 രൂപ.
കണ്ണി: KSSP website | Pusthakakkada.com
Original Post:
Image credit: KSSP at Sharja Book Fair
Comments