വി. ജിതിന്‍ | പി. അഫ്‌ന | അഞ്ജിത ദേവരാജന്‍
വന്യജീവിസംരക്ഷണത്തിനായുള്ള ഏതൊരു പഠനവും ശാസ്ത്രീയമായി നടത്താന്‍ ബന്ധപ്പെട്ട ജീവിയെയും ആവാസവ്യവസ്ഥയെയും പ്രസ്തുത പ്രദേശത്തെ ജനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അനിവാര്യമാണ്. ഇത്തരം വിവരങ്ങളുടെ ശേഖരണമാണ് ഈ മേഖലയിലെ ഗവേഷകരുടെ പ്രധാന ജോലി. വളരെ വിശാലമായ പ്രദേശത്തു ജീവിക്കുന്ന, പല സമയത്തും വ്യത്യസ്ത സ്വഭാവങ്ങള്‍ കാണിക്കുന്ന ജീവികളെ കുറിച്ചാണ് പഠനമെങ്കില്‍ വിവരശേഖരണം മാസങ്ങള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെ നീണ്ടുനില്‍ക്കുകയും ചെറിയ ഒരു പ്രദേശം മുതല്‍ രാജ്യാതിര്‍ത്തികള്‍ ഭേദിച്ചുള്ള വലിയ ഭൂപ്രദേശങ്ങള്‍ വരെ പഠനവിധേയമാക്കുകയും അനേകം ഗവേഷകര്‍ ചേര്‍ന്ന് മാത്രം സാധ്യമാകുകയും ചെയ്യുന്ന വലിയ പദ്ധതികളായി മാറാം. ഇങ്ങനെ കൃത്യമായ ചട്ടക്കൂടുകളില്‍ ശേഖരിക്കുന്ന, വലിയ വിവരസഞ്ചയ (ഡാറ്റാബേസ്) ങ്ങളുടെ വിശകലനത്തിലൂടെയാണ് പ്രസ്തുത ജീവികളെക്കുറിച്ച് മനസ്സിലാക്കുന്നതും അനുയോജ്യമായ സംരക്ഷണമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുന്നതും. ഇത് ചെയ്യുന്നത് ഗവേഷകര്‍ മാത്രമല്ല, വന്യജീവിവകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവരോ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെയോ ഗവണ്‍മെന്റിതര കൂട്ടായ്മകളിലെ അംഗങ്ങളോ ഒക്കെ ആവാം. എന്നാല്‍ പൊതുവേ ഗവേഷണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നേരിടുന്ന വെല്ലുവിളികളാണ് ഇത്തരം വിവരസഞ്ചയങ്ങളുടെ നിര്‍മ്മാണവും, നിലവിലുള്ളവയുടെ ലഭ്യതക്കുറവും, ലഭ്യമായവയുടെ ഗുണമേന്മയിലുള്ള പ്രശ്നങ്ങളും.
ഇത്തരം പ്രശ്നങ്ങള്‍ പ്രത്യേകിച്ചും വരുന്നത് എല്ലാവര്‍ക്കും ലഭ്യമായ രീതിയില്‍ വിവരങ്ങള്‍ പൊതുസഞ്ചയങ്ങളില്‍ (open access repositories) ലഭ്യമാക്കാതിരിക്കുന്നതും വിവരശേഖരണരീതിയെ കുറിച്ച് കൃത്യമായി രേഖപ്പെടുത്താതിരിക്കുന്നതും കൊണ്ടാണ്. നാം രേഖപ്പെടുത്തുന്ന ഓരോ നിരീക്ഷണങ്ങളോടൊപ്പമുള്ള അധികവിവരങ്ങള്‍ വിവരശേഖരണരീതിയെക്കുറിച്ചും അതിന്റെ ഉപയോഗ്യതയെക്കുറിച്ചും മനസ്സിക്കാന്‍ നമ്മെ സഹായിക്കും. ഇത്തരം വിവരങ്ങളെ ‘മെറ്റാഡാറ്റ’എന്നാണ് വിളിക്കുക. ഇത് വിവരശേഖരണത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്. മൊബൈല്‍ ഫോണില്‍ നമ്മള്‍ ഒരു ഫോട്ടോ എടുക്കുമ്പോള്‍ അതിനു പിന്നില്‍ ഒരു മെറ്റാഡാറ്റ കൂടെ ശേഖരിക്കപ്പെടുന്നുണ്ട്. അതായത് ഫോട്ടോ എടുത്ത ഫോണിന്റെ മോഡല്‍, ക്യാമറയുടെ സെറ്റിങ്സ്, തിയ്യതിയും സമയവും, ജി.പി.എസ് പ്രവര്‍ത്തിക്കുന്നുവെങ്കില്‍ ഫോണിന്റെ ലൊക്കേഷന്‍ – ഇത്തരത്തിലുള്ള വിവരങ്ങള്‍ ഓരോ ഫോട്ടോയ്ക്കൊപ്പവും സേവ് ആകുന്നു. ഇത് തുറക്കുന്ന സാധ്യതകള്‍ വളരെ വലുതാണ്. നിങ്ങള്‍ രാവിലെ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് നടക്കാന്‍ ഇറങ്ങുകയാണെന്ന് കരുതുക. പോകുന്ന വഴിയില്‍ കാണുന്ന പൂമ്പാറ്റകളുടെ ഫോട്ടോകള്‍ നിങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നു. തിരികെ വന്ന ശേഷം ഈ പൂമ്പാറ്റകളെ തിരിച്ചറിയാന്‍ ശ്രമിക്കുന്നു. ഏതെങ്കിലും സുഹൃത്തിന് അയച്ച് കൊടുത്തോ, ബന്ധപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെച്ചോ, അതുമല്ലെങ്കില്‍ പുസ്തകങ്ങളോ ഇന്റര്‍നെറ്റോ പരതിയോ നിങ്ങള്‍ ചില പൂമ്പാറ്റകളെയെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടാവാം. ഇത്തരത്തില്‍ നിങ്ങളെപ്പോലെ മറ്റു പലരും മറ്റു പല സ്ഥലങ്ങളില്‍, പല സമയങ്ങളിലായി ശേഖരിച്ച വിവരങ്ങള്‍ കൃത്യതയോടെ രേഖപ്പെടുത്തി വെക്കാന്‍ കഴിഞ്ഞാലോ? അതാണ് സിറ്റിസണ്‍ സയന്‍സ് മൊബൈല്‍ ആപ്പ്ലിക്കേഷനുകള്‍ (ആപ്പുകള്‍) ചെയ്യുന്നത്. എന്നാല്‍ കുറച്ചുകൂടെ ഘടനാനുസൃതമാണെന്ന് മാത്രം. ഉദാഹരണത്തിന് ‘ഐ-നാച്ചുറലിസ്റ്റ്’ (iNaturalist) എന്ന സംവിധാനം നോക്കാം. മുന്‍പ് വിവരിച്ച തീതിയില്‍ നിങ്ങള്‍ ശേഖരിച്ച വിവരം ഈ സംവിധാനത്തിലേയ്ക്ക് അപ്‌ലോഡ് ചെയ്യുമ്പോള്‍ (ചിത്രവും അതിനോടൊപ്പം മറ്റ് വിവരങ്ങളും – തിരിച്ചറിഞ്ഞ പേരുള്‍പ്പെടെ) അത് മറ്റുള്ളവര്‍ക്ക് കാണാവുന്ന രീതിയില്‍ ഒരു ഡിജിറ്റല്‍ ഭൂപടത്തില്‍ ലഭ്യമാക്കുന്നു. ഇവിടെ നിങ്ങള്‍ ലഭ്യമാക്കിയ സ്ഥലത്തെക്കുറിച്ചുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ നിന്നും മറ്റുള്ളവര്‍ മുന്‍പ് രേഖപ്പെടുത്തിയ ജീവികള്‍ ഏതൊക്കെയാണെന്നും അവയെക്കുറിച്ചുള്ള വിവരങ്ങളും കൂടെ വെബ്സൈറ്റ്/ ആപ്പ് ലഭ്യമാക്കും.
ഇങ്ങനെ മറ്റുള്ളവര്‍ പങ്കുവെച്ച ചിത്രങ്ങളുമായി താരതമ്യം ചെയ്ത് നിങ്ങള്‍ ജീവിയെ തിരിച്ചറിഞ്ഞത് ശരിയായിരുന്നോ എന്ന് പരിശോധിയ്ക്കാം. ഇത്തരത്തില്‍ പ്രാഥമികമായി നിങ്ങള്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ പ്രസ്തുത ജീവികളെ പറ്റി മുന്‍പരിചയമോ വൈദഗ്ധ്യമോ ഉള്ള മറ്റ് വ്യക്തികള്‍ – അത് ഒരു സാധാരണക്കാരാനാകാം, ശാസ്ത്രജ്ഞനാകാം, പ്രകൃതിനിരീക്ഷകനാകാം – ഒന്നുകൂടെ പരിശോധിക്കുന്നു. ഇത്തരത്തില്‍ ഒരു നിശ്ചിത എണ്ണം ആളുകള്‍ നിങ്ങളുടെ നിരീക്ഷണത്തെ ശരി വെയ്ക്കുകയാണെങ്കില്‍ അതിനെ ‘റിസര്‍ച്ച് ഗ്രേഡ്’ അഥവാ ഗവേഷണത്തിന് ഉതകുന്ന ഒരു സംഭാവനയായി അംഗീകരിക്കുന്നു. ഈ രീതിക്ക് ഒരു ഗുണം കൂടെയുണ്ട്. നിങ്ങള്‍ എടുത്ത ചിത്രത്തില്‍ ഉള്ളത് ഏത് ജീവിയാണെന്ന് കൃത്യമായി അറിയില്ലെന്നിരിക്കട്ടെ, അതും നിങ്ങള്‍ക്ക് പങ്ക് വെയ്ക്കാം. ഉദാഹരണത്തിന് നിങ്ങള്‍ എടുത്ത ചിത്രം ഒരു പൂമ്പാറ്റയുടേതാണെന്ന് നിങ്ങള്‍ വിവരം നല്‍കിയാല്‍ ആ ചിത്രം പൂമ്പാറ്റകള്‍ എന്ന താളിനു കീഴില്‍ ശേഖരിക്കപ്പെടും. പിന്നീട് മറ്റാരെങ്കിലും അതിന്റെ കുടുംബം, ജനുസ്സ്, സ്പീഷീസ് തലത്തിലുള്ള തിരിച്ചറിയലുകള്‍ നടത്തുമ്പോള്‍ അതിനനുസരിച്ച് വര്‍ഗ്ഗീകരിക്കപ്പെടും. പ്രകൃതിനിരീക്ഷണത്തോട് താത്പര്യമുള്ള ആളുകള്‍ക്ക് അവര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ശാസ്ത്രലോകത്തിനും അതുവഴി പൊതുസമൂഹത്തിന് ഒന്നാകെയും സംഭാവന ചെയ്യാന്‍ കഴിയുന്നു എന്നത് ചെറിയ കാര്യമല്ലല്ലോ. ഈ ലേഖനം എഴുതിക്കൊണ്ടിരുന്ന സമയത്താണ് ഒരു അഭിമുഖത്തില്‍ പ്രമുഖ മലയാള നടന്‍ ടൊവിനോ തോമസ് ഐ-നാച്ചുറലിസ്റ്റ് മൊബൈല്‍ അപ്പ്ലിക്കേഷനെകുറിച്ചും അത് എങ്ങനെയാണ് അദ്ധേഹത്തെ ജീവികളെക്കുറിച്ച് മനസ്സിലാക്കാനും സഹായിക്കുന്നതെന്നും പങ്കുവെച്ചത്.
വിവരങ്ങളുടെ ലഭ്യതയും ഗവേഷണവും
ഇത്തരത്തില്‍ ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ പരിശോധനകള്‍ക്കു വിധേയമായശേഷം ഒരു പൊതു ഇടത്തില്‍ (an open-access domain) ലഭ്യമാക്കപ്പെടുകയാണ് ഇത്തരം സംവിധാനങ്ങളിലൂടെ. ഇങ്ങനെ ജനകീയമായ ഒരു വിവരശേഖരണരീതി മുന്നോട്ട് വെയ്ക്കുന്നത് വിപ്ലവകരമായ മാറ്റങ്ങളുടെ തുടക്കമാണെന്നതില്‍ സംശയമില്ലെന്ന് മാത്രമല്ല, അതിന് ഉദാഹരണങ്ങളും ഉണ്ട്. ഇത് തുറക്കുന്ന സാധ്യതകളും പൊളിച്ചെഴുതുന്ന സമവാക്യങ്ങളും നിരവധിയാണ്. പൊതുവെ നല്ല പണച്ചെലവുള്ള ഒരു പരിപാടിയാണ് ജീവികളെക്കുറിച്ചുള്ള വിവരശേഖരണം. പ്രത്യേകിച്ചും പഠനം നടക്കുന്ന സ്ഥലത്തിന്റെ വിസ്ത്രതി കൂടുതലാകുമ്പോള്‍ – ഒരു പാടത്ത് കാണപ്പെടുന്ന പക്ഷികളെക്കുറിച്ച് പഠിക്കും പോലെയല്ല ഒരു രാജ്യത്തെ മുഴുവന്‍ പക്ഷികളെയും കുറിച്ച് പഠിക്കുന്നത്. ഇത്തരത്തിലുള്ള ബൃഹത്തായ വിവരശേഖരണത്തിന് ചെലവാക്കേണ്ടി വരുന്ന ഭീമമായ തുക, മനുഷ്യശേഷി തുടങ്ങിയവയെയാണ് സിറ്റിസണ്‍ സയന്‍സ് സംവിധാനം ലഘൂകരിക്കുന്നത്. സംസ്ഥാനത്തെ ഒരു ഗവേഷണകേന്ദ്രത്തിലെ ഗവേഷകര്‍ പലയിടങ്ങളിലേയ്ക്ക് നിരന്തരം സഞ്ചരിക്കുകയും വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നതിന് പകരം ആ സ്ഥലങ്ങളിലെ തല്‍പ്പരരായ എല്ലാവരും വിവരങ്ങള്‍ കൂട്ടായി രേഖപ്പെടുത്തുകയും പല ഗവേഷണ-സംരക്ഷണകേന്ദ്രങ്ങള്‍ ഇതിന് നേതൃത്വം നല്‍കുകയും വിവരങ്ങള്‍ പരിശോധിക്കുകയും ക്രോഡീകരിക്കുകയും ചെയ്താല്‍ ലഭ്യമാകുന്ന വിവരസഞ്ചയത്തിന്റെ വ്യാപ്തിയും ഉപയോഗവും ഒന്ന് ചിന്തിച്ച് നോക്കാവുന്നതാണ്. ഇത്തരത്തിലൊന്നാണ് കേരള പക്ഷിഭൂപടം (Kerala Bird Atlas) എന്ന പേരില്‍ ഈ അടുത്തിടെ ലോകത്തിന്റെ പ്രശംസ ഏറ്റുവാങ്ങിയത്. ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും ഒറ്റപ്പെട്ടു കിടക്കുന്ന വിവരങ്ങള്‍ക്കും എല്ലാം ശാസ്ത്രലോകത്തേക്കും തുടര്‍ന്ന് പരിസ്ഥിതി പരിപാലന-സംരക്ഷണത്തിലേക്കും വഴി തുറക്കുകയാണ് ഇങ്ങനെ.
ഇത്രയും പറഞ്ഞത് വിവരശേഖരണത്തില്‍ വന്ന ജനകീയ ഇടപെടലും മാറ്റങ്ങളും വിശദീകരിക്കാനാണ്. എങ്ങിനെയാണ് ഇത് നിലവിലുള്ള ഗവേഷണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതും, മാറ്റിയെഴുതുന്നതും?
ഗവേഷണം, കണ്ടെത്തലുകള്‍ എന്നൊക്കെയുള്ളത് ‘ഉന്നതബിരുദങ്ങള്‍’ ഉള്ളവര്‍ക്ക് മാത്രമാണ് എന്ന (മിഥ്യാ) ധാരണയെയും ഗവേഷകര്‍ എന്നത് വരേണ്യവര്‍ഗ്ഗ (elite group) മാണെന്നുള്ള കാഴ്ചപ്പാടിനെയും ഒരു പരിധി വരെ മറികടക്കാന്‍ സിറ്റിസണ്‍ സയന്‍സ് സഹായിക്കുന്നുണ്ട്. ശാസ്ത്രം എങ്ങനെയാണ് ‘സംഭവിക്കുന്നതെ’ന്നും അതിന്റെ ഫലങ്ങള്‍ എങ്ങനെയാണ് നമമുടെ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നതെന്നും അടുത്തറിയാന്‍ പ്രായ-പശ്ചാത്തല ഭേദമന്യേ എല്ലാവര്‍ക്കും ലഭിക്കുന്ന ഒരവസരമാണ് ഇത്. വന്യജീവിഗവേഷകര്‍ക്കും പരിപാലകര്‍ക്കുമാവട്ടെ, നിലവിലുള്ള ഭീമമായ വിവരസഞ്ചയങ്ങളുടെ അപര്യാപ്തതയില്‍ നിന്നും വലിയ വ്യാപ്തിയുള്ള വിവരസ്രോതസ്സിനെ ശാസ്ത്രീയമായി ശേഖരിക്കാന്‍ - അതും ശാസ്ത്രം ജനകീയവല്‍ക്കരിക്കുന്നതിലൂടെ - ഉള്ള അവസരവും. പൊതുജനം അവരുടെ നാട്ടറിവുകളും കാഴ്ചപ്പാടുകളും നിരീക്ഷണങ്ങളും ഗവേഷകരോട് പങ്കുവെയ്ക്കുകയും അവര്‍ തിരിച്ച് ഈ വിവരങ്ങള്‍ എങ്ങനെ വിശകലനം ചെയ്യുന്നുവെന്നും ഭരണ-നിയമനിര്‍മ്മാണ മേഖലകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ഒക്കെയുള്ളത് പങ്കുവെയ്ക്കുകയും ചെയ്യുന്ന ഒരു മാതൃകാരീതിയില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ ഇതിന്റെ സാധ്യതകള്‍ അനവധിയാണ്. പല ബൃഹത്ത് ഗവേഷണപദ്ധതികളും ഈ രീതിയിലേക്ക് മാറ്റുന്നതിലൂടെ വിവരശേഖരണത്തിനായി ചെലവഴിക്കുന്ന സമയവും സമ്പത്തും സാധ്യതകളും മറ്റ് ഉപകാരപ്രദമായ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ഗവേഷണങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്.
സിറ്റിസണ്‍ സയന്‍സ്: എന്ത്? എങ്ങനെ?
നമുക്കു ചുറ്റും നമ്മളെ കൂടാതെ മറ്റനേകം ജീവജാലങ്ങളുണ്ട്. കണ്ണുകൾ കൊണ്ട് കാണാനാകാത്ത സൂക്ഷ്മ ജീവികൾ മുതൽ വലിയ സസ്തനികളും സസ്യങ്ങളും കൊണ്ട് വൈവിധ്യമാർന്നതാണ് ഭൂമി. ഓരോ ജീവവർഗങ്ങളും മറ്റൊന്നിൽ നിന്നും വ്യത്യസ്തത പുലർത്തുന്നതിനാൽ സമാനത പുലർത്തുന്നവയെ ഒരേ ഗണത്തിൽ ഉൾപ്പെടുത്തി കൊണ്ടുള്ള വർഗീകരണം വളരെ മുന്നേ തന്നെ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗികമായ ശാസ്ത്ര വിദ്യാഭ്യാസം ലഭിക്കാത്തവരും ചിലപ്പോൾ ജൈവ ലോകത്തെ കുറിച്ച് വളരെ കൗതുകമുള്ളവരായിരിക്കും. ഒരു കിളിയുടെ ശബ്ദം, പൂവിന്റെ നിറം, ഇലയുടെ ആകൃതി, നിരനിരയായി പോകുന്ന ഉറുമ്പുകൾ, ഇണ ചേരുന്ന പാമ്പ് തുടങ്ങി ജൈവലോകത്തെ പല ചെറിയ-വലിയ കാര്യങ്ങളും കൗതുകമുണർത്തുന്നവയുമാണ്. പലരും ഇത്തരം കാഴ്ചകളെ കാമറക്കുള്ളിലാക്കും, ചിലർക്ക് അതിനെ കൂടുതൽ അറിഞ്ഞാൽ കൊള്ളാമെന്നുണ്ടാകും. ചിലരുടെ ഉള്ളിലെ ശാസ്ത്രബോധം എന്ത്? എന്തുകൊണ്ട്? എങ്ങനെ? എന്നിങ്ങനെയുള്ള ചോദ്യങ്ങളുമെറിയും. ഇത്തരത്തിലുള്ള ഒരു ചുറ്റുപാടിലാണ് സിറ്റിസൺ സയൻസ് പ്രാധാന്യമർഹിക്കുന്നത്. ഏതൊരാളുടെയും പ്രകൃതി നിരീക്ഷണങ്ങളെയും ശാസ്ത്ര കൗതുകങ്ങളെയും ഫല കേന്ദ്രീകൃതമായി (output oriented) ആയി ഇവിടെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നുണ്ട്. പ്രകൃതി നിരീക്ഷകരെ ഗവേഷകരുടെയും ശാസ്ത്രകാരന്‍മാരുടെയും കൂട്ടായ്മയുമായി ചേർത്തു നിർത്താനും അതുവഴി അവരുടെ ശ്രാസ്ത്രീയ അന്വേഷികതയെ (scientific enquiry) കളെ തൃപ്തിപ്പെടുത്താനും അവരുടെ നിരീക്ഷണങ്ങളെ ശാസ്ത്രീയ അറിവിന്റെ വികാസത്തിന് ഉതകുന്ന രീതിയിൽ ഉപയോഗിക്കാനും സിറ്റിസൺ സയൻസ് വഴി സാധിക്കുന്നു. പുതിയ ജീവികളെ കണ്ടെത്തുക, വർഗീകരിക്കുക എന്ന പതിവു വര്‍ഗ്ഗീകരണശാസ്ത്രത്തിനപ്പുറത്തേക്ക് ഒരോ ജീവിയുടെയും ആവാസവ്യവസ്ഥ മനസ്സിലാക്കാനും, ആവാസസ്ഥല വികാസ-ചുരുങ്ങലുകളെ (range expansion-collapsion) ക്കുറിച്ച് മനസ്സിലാക്കാനും ഒക്കെ ഇതുവഴി സാധിക്കുന്നു.
ഓക്സ്ഫോര്‍ഡ് നിഘണ്ടു സിറ്റിസൺ സയൻസിനെ നിര്‍വചിക്കുന്നത് “സാധാരണക്കാരായ ആളുകള്‍ മിക്കവാറും ശാസ്ത്രജ്ഞരോടോ ശാസ്ത്രസ്ഥാപനങ്ങളോടോ ചേര്‍ന്ന് നടത്തുന്ന ശാസ്ത്രീയഉദ്യമ”മായിട്ടാണ്. ഒരു വ്യക്തിയായോ, ഒരു കൂട്ടമായോ ‘സിറ്റിസണ്‍ ശാസ്ത്രജ്ഞര്‍’ വിവരങ്ങള്‍ ശേഖരിക്കുകയോ, വിശകലനം ചെയ്യുകയയോ, ഗവേഷണം നടത്താന്‍ സഹായിക്കുകയോ, പുതിയ ശാസ്ത്രചോദ്യങ്ങള്‍ ചോദിക്കുകയോ, അല്ലെങ്കില്‍ നിലവിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയോ ചെയ്യുന്ന ഒരു പ്രക്രിയയായും സിറ്റിസൺ സയൻസിനെ കാണാം. ഈ പങ്കാളിത്ത ഗവേഷണ (participatory research) രീതി ഇതുവരെ ലഭ്യമല്ലാതിരുന്ന വ്യാപ്തിയുലുള്ള വിവരങ്ങള്‍ ലഭ്യമാക്കും. ഉദാഹരണത്തിന് ഈ ലേഖനം എഴുതുന്ന സമയത്ത് പ്രസിദ്ധീകരിക്കപ്പെട്ട ഒരു ശാസ്ത്രപഠനം നോക്കാം. ആസ്ട്രേലിയന്‍ ഭുഖണ്ഢത്തില്‍ നടന്ന ആ പഠനത്തില്‍ ഗവേഷകര്‍ അന്വേഷിച്ചത് ഭൂവിനിയോഗത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ (ആവാസവ്യവസ്ഥയിലെ മനുഷ്യനിര്‍മ്മിതമായ മാറ്റങ്ങള്‍) എങ്ങിനെയാണ് തവളകളുടെ കരച്ചിലിനെ (calls) ബാധിക്കുന്നത് എന്നതാണ്. ഇതിനുവേണ്ടി സിറ്റിസണ്‍ സയന്‍സ് പദ്ധതിയിലൂടെ ശേഖരിച്ച 2,26,000- ത്തിലധികം റെക്കോര്‍ഡിങ്ങുകള്‍ ഗവേഷകര്‍ ഉപയോഗിച്ചു. 42 സ്പീഷീസ് തവളകളുടെ കരച്ചിലുകള്‍, അതും ഒരു ഭൂഖണ്ഡത്തിലെ പല ഇടങ്ങളില്‍ നിന്നുമുള്ള ശബ്ദരേഖകള്‍ ഇത്തരത്തില്‍ പഠനവിധേയമാക്കിയപ്പോള്‍ കണ്ടെത്തിയത് മനുഷ്യനിര്‍മ്മിതമായ മാറ്റങ്ങള്‍ തവളകളുടെ പ്രജനനകാലം വര്‍ധിപ്പിക്കുന്നുവെന്നും സാധാരണ രീതിയെ അപേക്ഷിച്ച് തവളകള്‍ നേരത്തെ കരയാന്‍ തുടങ്ങുന്നു എന്നുമാണ്. ഇത്തരത്തില്‍ ഒരു പഠനത്തിന് വേണ്ട ശബ്ദരേഖകള്‍ ഗവേഷകര്‍ മാത്രം ശേഖരിക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. എത്ര സമയവും സാമ്പത്തികചെലവും യാത്രകളും വേണ്ടിവരും ഒരു ഭൂഖണ്ഢം മുഴുവന്‍ പഠനവിധേയമാക്കാന്‍?
ഗവേഷണഫലങ്ങള്‍: സംരക്ഷണമാര്‍ഗ്ഗങ്ങള്‍
സിറ്റിസണ്‍ സയന്‍സിലൂടെ ലഭ്യമാകുന്ന വിവരങ്ങള്‍ എങ്ങനെയാണ് വന്യജീവിഗവേഷണത്തിന് മുതല്‍ക്കൂട്ടാവുന്നത് എന്ന് നേരത്തെ വിശദീകരിച്ചല്ലോ. അതിനുള്ള ഉദാഹരണങ്ങളും നമ്മള്‍ കണ്ടു. ഇത്തരം പഠനങ്ങള്‍ എങ്ങനെയാണ് വന്യജീവിപരിപാലനത്തെ സഹായിക്കുന്നതെന്ന് ഒരുദാഹരണത്തിലൂടെ നോക്കാം. അമേരിക്കന്‍ വനസംരക്ഷണവിഭാഗത്തിന്റെ സഹകരണ വനഭൂമി പുന:സ്ഥാപന പദ്ധതി (Collaborative Forest Landscape Restoration Program) ലക്ഷ്യമിട്ടത് ഗവണ്‍മെന്റ് - പൊതുജന - ശാസ്ത്രസ്ഥാപനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പീഠഭൂമിയിലെ കാട്ടുതീ തടയുകയും പരിസ്ഥിതിപുന:സ്ഥാപനം നടത്തുകയും ആണ്. പ്രാദേശികമായ കൂട്ടായ്മകള്‍ രൂപീകരിച്ച്, അവരുടെ പങ്കാളിത്തത്തോടെ ഗവേഷകരും വന്യജീവിസംരക്ഷകരും കൃത്യമായ വിവരങ്ങള്‍ സിറ്റിസണ്‍ സയന്‍സ് രീതിയില്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും, തുടര്‍ന്ന് കാട്ടുതീ തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുകയാണ് ഈ പദ്ധതിയില്‍. വന്യജീവിസംരക്ഷകരുടെ നേതൃത്വത്തില്‍ കൊളറാഡോ സ്റ്റേറ്റ് സര്‍വ്വകലാശാലയുടെ സാങ്കേത്തിക പിന്‍ബലത്തോടെ, അനേകം മറ്റ് സാമ്പത്തിക സ്രോതസ്സുകളുടെയും സഹകരണത്തോടെ ഈ പദ്ധതി ഇന്നും തുടരുന്നു. ഇവിടെ ജനങ്ങള്‍ എന്താണ് ചെയ്തതെന്നല്ലേ? ഈ പദ്ധതി രൂപകല്‍പ്പന ചെയ്യുന്നത് മുതല്‍, വിവരങ്ങള്‍ ശേഖരിക്കുന്നതിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും വരെ അവര്‍ പങ്കാളികളാണ് എന്നതാണ് ശ്രദ്ധേയം. പ്രധാനമായും ഈ പദ്ധതിയില്‍ സിറ്റിസണ്‍ ശാസ്ത്രജ്ഞര്‍ (പൊതുജനങ്ങള്‍) ശേഖരിച്ചത് തീപ്പിടുത്ത മേഖലകളിലെ നിലത്തെ ചെടികളുടെ സാന്ദ്രത, ചെടികളുടെ ഇനങ്ങള്‍, ഉയരം, ജീവികളുടെ സാന്നിധ്യം തുടങ്ങിയ വിവരങ്ങളാണ്. പരിപാലന-കാട്ടുതീ നിര്‍മ്മാര്‍ജ്ജന ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന് പുറമേ ഈ വിവരങ്ങള്‍ പിന്നീട് ശാസ്ത്രപ്രബന്ധങ്ങളും റിപ്പോര്‍ട്ടുകളുമായി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
ഇത്തരത്തിലൊരു സിറ്റിസണ്‍ സയന്‍സ് പദ്ധതി നമ്മുടെ കേരളത്തിലും കൂറച്ചായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. ‘കനാല്‍പ്പി’ അല്ലെങ്കില്‍ ‘കാന്‍ ആലപ്പി’ (CAN ALPY?) എന്ന പേരില്‍ ‘തോട് ഓടയല്ല’ എന്ന സന്ദേശത്തോടെ ആലപ്പുഴ ജില്ലയിലെ കനാലുകളുടെ പുന:സ്ഥാപനമാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്. ഐ.ഐ.ടി. ബോംബെയും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനും (കില) നേതൃത്വം നല്‍കുന്ന ഈ പദ്ധതിയിലൂടെ പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളുടെ ജല-മലിനജല-ഘരമാലിന്യ സംസ്കരണപ്രവര്‍ത്തനങ്ങളും വെള്ളപ്പൊക്ക അപായസാദ്ധ്യതകള്‍ കൈകാര്യം ചെയ്യലും സിറ്റിസണ്‍ സയന്‍സിലൂടെ സാധ്യമാക്കുന്നു. കനാലുകളുടെ ഭൂപടചിത്രീകരണം മുതല്‍ ഭൂപ്രദേശ-സാമൂഹ്യ-സാമ്പത്തിക-ജൈവവൈവിധ്യ-രോഗ സര്‍വ്വേകള്‍ വരെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ മൊബൈല്‍ ആപ്പ്ലിക്കേഷനുകളിലൂടെ സിറ്റിസണ്‍ ശാസ്ത്രജ്ഞര്‍ നടത്തുന്നു. ഈ വിവരങ്ങള്‍ പിന്നീട് വിശകലനം ചെയ്ത് പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങളും ഉപയോഗപ്പെടുത്തുന്നു.
സിറ്റിസണ്‍ സയന്‍സിന്റെ വര്‍ത്തമാനവും ഭാവിയും
ഡിജിറ്റൽ ഉപകരണങ്ങൾ കൂടുതൽ സാധാരണമായി വരികയും ഡിജിറ്റൽ സാക്ഷരതയിലൂടെ സാങ്കേതിക വിദ്യയുടെ സാധ്യതകൾ കൂടുതൽ ആളുകൾക്കു പ്രാപ്യമാവുകയുമാണ്. പ്രകൃതി നിരീക്ഷണത്തിൽ സ്ഥിരമായോ, വല്ലപ്പോഴുമോ ഏർപ്പെട്ടിരിക്കുന്നവർക്കും ഇവിടെ സാദ്ധ്യതകൾ തുറന്നു വരുന്നു. ഇത്തരം സാദ്ധ്യതകൾ ഉപയോഗപ്പെടുത്തുന്നത് വഴി പ്രകൃതിയെക്കുറിച്ചുള്ള ശാസ്ത്രീയമായ അവബോധം വളരുകയും, ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെയും കൃത്യതയും വർധിക്കുകയും ചെയ്യുന്നു. സിറ്റിസൺ സയൻസ് ഉപയോഗിച്ചുള്ള ഗവേഷണങ്ങളുടെ വിശ്വാസ്യത വർധിക്കാനും ഇതിന് കൂടുതൽ പ്രചാരം ലഭിക്കാനും ഇത് സഹായിക്കുന്നു. വരും കാലത്ത് സിറ്റിസണ്‍ സയന്‍സ് കൂടുതൽ ലളിതമായ രീതിയിലേക്ക് മാറുമെന്നതും അത് കൂടുതൽ ആളുകൾ കടന്നു വരുന്നതിനു കാരണം ആകും എന്നതും ഭാവി പ്രതീക്ഷകളാണ്. വ്യത്യസ്തമായ വന്യജീവിസംരക്ഷണമേഖലകളിലേക്കു സിറ്റിസൺ സയൻസ് ഇതിനോടകം എത്തിയിട്ടുണ്ട്. ജൈവവൈവിധ്യം നിരീക്ഷിക്കുന്നതിനോടൊപ്പം അധിനിവേശ സസ്യങ്ങളുടെ ഭൂപടചിത്രീകരണം, റോഡ് അപകടങ്ങളില്‍ മരണപ്പെടുന്ന ജീവികളെക്കുറിച്ചുള്ള പഠനങ്ങൾ, പൂന്തോട്ട സസ്യങ്ങളുടെ വൈവിധ്യം എന്നിങ്ങനെ അനേകം മേഖലകളിൽ സിറ്റിസൺ സയൻസ് ഇന്ന് ഉപയോഗപ്പെടുന്നു. ചില ഉദാഹരണങ്ങള്‍ നോക്കാം.
ജൈവവൈവിധ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതു പങ്കാളിത്തത്തോടെ ശേഖരിച്ചു കൊണ്ട് നിർമ്മിക്കുന്ന, അനുദിനം കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്ന, ഇന്ത്യൻ ജൈവ വൈവിധ്യത്തെ സംബന്ധിച്ച അതുല്യമായ ഒരു ശേഖരമാണ് ഇന്ത്യ ജൈവവൈവിധ്യ പോര്‍ട്ടല്‍ (India Biodiversity Portal-IBP). ഏഷ്യന്‍ ജൈവവൈവിധ്യ സംരക്ഷണ ട്രസ്റ്റ്, അസിം പ്രേംജി സര്‍വ്വകലാശാല, അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്റ് എന്‍വയണ്‍മെന്റ് (ATREE), ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി (BNHS) തുടങ്ങി 20 ലധികം സ്ഥാപനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ 2008 ൽ ആണ് ഈ സംവിധാനം നിലവിൽ വന്നത്. 58000 ൽ അധികം സ്പീഷീസുകൾ ഇതിനകം IBP യിൽ ശേഖരിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേക സ്പീഷീസുകൾക്കു മാത്രമായുള്ള പ്രവർത്തനങ്ങള്‍, ആവാസവ്യവസ്ഥയുടെ സംരക്ഷണം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പദ്ധതികള്‍ IBP സാങ്കേത്തികസംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് കവചവാലൻ പാമ്പുകളെ (shieldtail snakes) ക്കുറിച്ചുള്ള വിവരശേഖരണത്തിനായി ഷീല്‍ഡ് ടെയില്‍ മാപ്പിങ് പ്രൊജക്ട്, അധിനിവേശ സസ്യ/ ജന്തുക്കളെ തിരിച്ചറിയാനും അവ വ്യാപിച്ചിരിക്കുന്ന ഇടങ്ങൾ അറിയുന്നതിന്നും ആവാസവ്യവസ്ഥയെ അവ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കാനും ‘Spotting Alien Invasive Species’ എന്ന പ്രൊജക്ട് - തുടങ്ങിയവ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു.
നിരവധിയിനം പക്ഷികളെ നമ്മൾ ദിവസവും കാണാറില്ലേ? ചില പക്ഷികളെ ചില പ്രത്യേക ആവാസവ്യവസ്ഥയിൽ മാത്രമാകും കാണാനാവുക. ഉദാഹരണത്തിന് തണ്ണീർത്തടങ്ങളിൽ മാത്രം കാണുന്ന പക്ഷികളും ഉൾവനങ്ങളിൽ കാണുന്ന പക്ഷികളുമുണ്ട്. ചിലത് തിരക്കേറിയ നഗരങ്ങളിലും കെട്ടിടങ്ങളിലുമുണ്ടാകും. ചിലതിനെ ദിവസവും കാണാനാകുമെങ്കില്‍ ചിലത് വളരെ അപൂർവവും. ഇത്തരത്തിൽ ലോകത്തുള്ള പക്ഷി നിരീക്ഷകരെല്ലാം തങ്ങൾ കാണുന്ന പക്ഷികളെ കുറിച്ചുള്ള അറിവുകൾ ശേഖരിക്കുകയും ഈ നിരീക്ഷണങ്ങൾ എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്ന ഒരു സംവിധാനത്തിലേക്ക് ശേഖരിക്കുകയും ചെയ്താൽ എങ്ങനെ ഇരിക്കും എന്ന ചിന്തയാണ് 2002 ൽ ഇ-ബേർഡ് (e-Bird) എന്ന ആഗോള ഇന്റർനെറ്റ് അധിഷ്ഠിത അപ്ലിക്കേഷന്റെ ഉത്ഭവത്തിലേക്ക് നയിച്ചത്. ലോകത്തെവിടെയുമുള്ള പക്ഷി നിരീക്ഷകർക്ക് തങ്ങൾ തിരിച്ചറിഞ്ഞ പക്ഷികൾ, എണ്ണം, പ്രത്യേക സ്വഭാവങ്ങള്‍, ചിത്രങ്ങൾ, ശബ്‌ദ രേഖകള്‍ എന്നിവ മറ്റുള്ളവർക്ക് കൂടെ ഉപയോഗിക്കാവുന്ന രീതിയിൽ ഇ-ബേർഡില്‍ പങ്കുവെക്കാവുന്നതാണ്. ന്യൂയോര്‍ക്കിലെ കോർണൽ യൂണിവേഴ്സിറ്റിയുടെ പക്ഷിശാസ്ത്ര ലബോറട്ടറിയാണ് ഇ-ബേർഡിനു പിന്നില്‍. നമ്മുടെ നിരീക്ഷണങ്ങൾ ഇ-ബേർഡ് സ്പീഷീസ് മാപ്പിൽ രേഖപ്പെടുത്തുകയും അതുവഴി ആ സ്പീഷിസിന്റെ ഭൂവിതരണം (spatial distribution) ത്തെക്കുറിച്ചുള്ള അടിസ്ഥാനവിവരങ്ങള്‍ കൂടുതൽ വിപുലമാവുകയും ചെയ്യുന്നു. പക്ഷികളുടെ ദേശാടനത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും, പ്രജനനകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും ഇ-ബേർഡ് സഹായിക്കുന്നുണ്ട്.
ഇതുപോലെ, ഇന്ത്യയുടെ സമുദ്ര ആവാസവ്യവസ്ഥയുടെ വിവരശേഖരണത്തിനായി ''റീഫ് ലോഗ്" എന്ന അപ്ലിക്കേഷനും തവളകളെക്കുറിച്ച് അറിയുന്നതിനായി "ഫ്രോഗ് ഫൈൻഡ്" എന്ന അപ്ലിക്കേഷനും ഉണ്ട്. ഒരു ജനുസ്സിൽ (Genus) ഉൾപ്പെടുന്ന വിവിധയിനം സ്പീഷീസുകളുടെ വിവരങ്ങളുടെ വിപുലീകരണത്തിന് സിറ്റിസൺ സയൻസ് എങ്ങനെ സഹായിക്കുന്നു എന്നതിനുദാഹരണമാണ് 'ഹോണ്‍ബില്‍ വാച്ച്’.' ഇന്ത്യയിൽ കാണപ്പെടുന്ന ഒമ്പത് വേഴാമ്പലുകളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ജീവിവർഗങ്ങളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളുടെ ശേഖരണത്തിനൊപ്പം തന്നെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും മനസ്സിലാക്കാന്‍ ഇത്തരം സംവിധാനങ്ങളിലൂടെ കഴിയുന്നു. ഋതുഭേതങ്ങളെ കുറിച്ചറിയാനും വിവരങ്ങള്‍ പങ്കുവെക്കാനും 'സീസണ്‍ വാച്ച്' എന്ന വെബ്സൈറ്റ് ഉപയോഗപ്പെടുത്താം. വളരെ സുലഭമായി കാണുന്ന 130 ൽ അധികം സസ്യങ്ങൾ പുഷ്പിക്കുന്നതിന്റെയും പഴങ്ങളുണ്ടാകുന്നതിന്റെയും ഇലകൊഴിയുന്നതിന്റെയുമെല്ലാം സമയങ്ങൾ ജനകീയമായി നിരീക്ഷിച്ചു കൊണ്ടാണ് ഇത് സാധ്യമാക്കുന്നത്.
കാടിനു കുറുകേ ഒരു റോഡ് പോകുമ്പോൾ സ്വാഭാവികമായും പല ജീവികൾക്കും, പ്രാധാനമായും സസ്തനികൾക്ക് റോഡ് മുറിച്ചു കടക്കേണ്ടതായി വരികയും ഇത് വന്യജീവികൾ റോഡപകടങ്ങളിൽ പെടുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന അപകടങ്ങൾ പൊതുജനങ്ങൾക്ക് രേഖപ്പെടുത്താവുന്ന ഒരു അപ്ലിക്കേഷൻ ആണ് 'റോഡ് വാച്ച്'. വെൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും ഡേവിഡ് ഷെഫേർഡ് വെൽഡ് ലൈഫ് ഫൗണ്ടേഷനും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ പൊതു ജനങ്ങൾക്ക് വാഹനാപകടത്തിൽ പരിക്കേൽക്കുകയും കൊല്ലപ്പെടുകയും ചെയ്ത ജീവികളുടെ വിവരങ്ങൾ രേഖപ്പെടുത്താനാകും. ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്ന ഇടവും ഏത് തരം ജീവികളാണ് കൂടുതൽ അപകടങ്ങൾക്ക് ഇരകളാകുന്നത് എന്നതും ഇതുവഴി മനസ്സിലാക്കാനാകും. നിലവിലെ പരിഹാരമാർഗങ്ങളുടെ കാര്യപ്രാപ്തി മനസ്സിലാക്കുവാനും കൂടുതൽ കാര്യക്ഷമമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും "റോഡ് വാച്ച് " എന്ന അപ്ലിക്കേഷൻ ഇങ്ങനെ സഹായിക്കും. ഇത്തരത്തില്‍ എണ്ണിതീരാത്തവിധം ഉദാഹരണങ്ങള്‍ ഇന്ത്യയിലും ലോകമെമ്പാടും ഉണ്ട്. ഇവയെക്കുറിച്ച് വായനക്കാര്‍ അറിയാന്‍ ശ്രമിക്കുമല്ലോ.
സിറ്റിസണ്‍ സയന്‍സ്: പാഠങ്ങള്‍, പ്രതീക്ഷകള്‍
പൊതുവെ സംരക്ഷിത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വന്യജീവി പഠനങ്ങൾ പല തലങ്ങളിലും സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമാണ്. വന്യജീവികളും അവരുടെ ആവാസ വ്യവസ്ഥകളും മനുഷ്യവാസ പ്രദേശങ്ങളുമായി ഇടകലർന്നിരിക്കുന്നു എന്നതിനാല്‍ അവയെ സമഗ്രമായി മനസ്സിലാക്കുന്നതിന് സംരക്ഷിത പ്രദേശങ്ങൾക്ക് ഉപരി മനുഷ്യവാസ പ്രദേശങ്ങളിൽ വന്യജീവി പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു. ഈ ഒരു മാറ്റത്തിനു സിറ്റിസൺ സയൻസിന് നൽകാന്‍ കഴിയുന്ന സംഭാവനകള്‍ വളരെ വലുതാണ് എന്ന് ഇനി പറയേണ്ടതില്ലല്ലോ. ചെലവിന്റെ കാര്യത്തിലും സമയത്തിന്റെ കാര്യത്തിലുമെല്ലാം കാര്യക്ഷമമാണെങ്കിലും അതിനോട് ഒപ്പം തന്നെ സിറ്റിസൺ സയൻസിന്റെ ഭാവിയെ നിയന്ത്രിക്കുന്ന പല പരിമിതികളും ശ്രദ്ധിക്കേണ്ടതുണ്ട്. സിറ്റിസൺ സയൻസ് വഴി ശേഖരിക്കുന്ന വിവരങ്ങൾ പലപ്പോഴും പല മുൻവിധികളുടെയും സ്വാധീനത്തിൽ പെടാനുള്ള സാദ്ധ്യതകൾ ഉണ്ട്. ഉദാഹരണത്തിന് ഓരോ വ്യക്തിയുടെയും താല്പര്യങ്ങൾക്ക് അനുസരിച്ചു അവർ ശേഖരിക്കുന്ന വിവരങ്ങളിലും വ്യത്യാസങ്ങൾ വരാനുള്ള സാധ്യതകളുണ്ട്. കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടമുള്ളതോ, കാണാന്‍ ഭംഗിയുള്ളതോ അല്ലെങ്കില്‍ പെട്ടെന്ന് കാണപ്പെടാന്‍ സാധ്യതയുള്ളതോ ആയ ജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍ ആയിരിക്കും ഇത്തരത്തില്‍ കൂടുതല്‍ രേഖപ്പെടുത്തപ്പെടുന്നതിനാല്‍ എല്ലാ ജീവികളെയും ഒരുപോലെ പരിഗണിക്കപ്പെടുന്ന വിവരശേഖരണം (uniform systematic sampling) പലപ്പോഴും അസാധ്യമാണ്.
മറ്റൊരു പ്രധാന പ്രശനം എന്തെന്നാൽ വിവരം ശേഖരിക്കപ്പെടുന്നത് പലപ്പോഴും ഒരേ പ്രദേശങ്ങളില്‍ (ഹോട്ട്സ്പോട്ടുകള്‍) തന്നെ ആയിരിക്കും എന്നതിനാല്‍ ഇത് ശേഖരിക്കുന്ന വിവരത്തിന്റെ വിശകലന ശേഷിയെ പ്രതികൂലമായി ബാധിക്കും എന്നതാണ്. ശേഖരിക്കുന്ന വിവരങ്ങളുടെ കൃത്യത മറ്റൊരു ശ്രദ്ധാകേന്ദ്രം ആണ്. വിവര ശേഖരണം നടത്തുന്ന വ്യക്തി ആ വിഷയത്തിൽ ഒരു വിദഗ്ധൻ ആയിരിക്കണമെന്നതിനാൽ വിവരങ്ങളിൽ പല തരത്തിലുള്ള പിശകുകൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ശേഖരിച്ച വിവരത്തെ വിദഗ്ധനായ ഒരാൾ സൂക്ഷ്മ പരിശോധന നടത്തുന്നത് വഴി ഈ പ്രശ്നത്തെ ഒരു പരിധി വരെ നിയന്ത്രിക്കാവുന്നതാണ്. അതുപോലെ, ഗവേഷണ രീതി നിർദ്ദേശിക്കുന്ന തരത്തിലുള്ള നടപടിക്രമങ്ങൾ പലപ്പോഴും വിവരശേഖരണത്തിൽ പാലിക്കപ്പെടണമെന്നില്ല. ഇത്തരം പ്രശ്‍നങ്ങള്‍ പരിഹരിച്ച് വേണം സിറ്റിസണ്‍ സയന്‍സ് വിവരസഞ്ചയങ്ങളെ ഗവേഷണവിധേയമാക്കാന്‍ എന്ന് ഓര്‍മ്മിക്കപ്പെടേണ്ടതാണ്. തുടക്കത്തില്‍ പറഞ്ഞ വിവരലഭ്യതാപ്രശ്നം മറികടന്ന് എല്ലാവര്‍ക്കും ലഭ്യമായ രീതിയില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സിറ്റിസൺ സയൻസിന് സാധിക്കുന്നുണ്ടെങ്കുിലും ഇത് പങ്കുവെക്കുന്ന ആശങ്കകളും വലുതാണ്. വംശനാശഭീഷണി നേരിടുന്ന, വളര്‍ത്തുസസ്യ-മൃഗമേഖലയില്‍ നിയമാനുസൃതമല്ലാതെ വില്‍ക്കപ്പെടാന്‍ സാധ്യതയുള്ള (illegal pet trade) ജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുവായി ലഭ്യമാക്കുമ്പോള്‍ അവ ദുരുപയോഗിക്കപ്പെടാന്‍ ഉള്ള സാധ്യതകള്‍ ഉണ്ടെന്നത് തള്ളിക്കളയാനാവില്ല. ഇത്തരം പ്രശ്നങ്ങള്‍ മറികടക്കാനുള്ള പരിശ്രമങ്ങള്‍ ശാസ്ത്ര-സാങ്കേതിക ഗവേഷകരുടെ ഭാഗത്തുനിന്നുണ്ട്. അവ ഭാവിയില്‍ നമ്മെ സഹായിക്കുമെന്ന് കരുതാം.
ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ കടന്നു വരവ് പ്രകൃതിയിൽ നിന്നും നമ്മെ അകറ്റി നിർത്തുന്നതിന് പലപ്പോഴും കാരണമാകാറുണ്ട്. ഇങ്ങനെ പ്രകൃതിയിൽ നിന്നും അകന്ന് കൂടുതൽ സമയവും വിര്‍ച്വല്‍ ലോകത്തു ചെലവഴിക്കുന്നത് മൂലം ഉണ്ടായേക്കാവുന്ന മാനസികവും വൈകാരികവും ശാരീരികവുമായ പ്രശ്നങ്ങൾ പലതാണെന്ന് നമുക്കറിയാവുന്നതുമാണ്. സിറ്റിസൺ സയൻസ് വ്യാപകമാവുന്നതോടെ കൂടുതൽ ആളുകൾ മൊബൈല്‍ ഫോണുകളുമായി പ്രകൃതിയിലേക്കു തിരിയുകയും അത് വഴി സ്വയം അറിഞ്ഞുള്ള പ്രകൃതി പഠനത്തിന് അവസരം ഉണ്ടാകുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം.
ജീവശാസ്ത്രഗവേഷണവും വന്യജീവിസംരക്ഷണവും പരിപാലനവും ഒക്കെ ജനകീയമായി നടക്കുന്ന ഒരു ഭാവിയെ വിദൂരതയിലെങ്കിലും കാണാന്‍ സിറ്റിസണ്‍ സയന്‍സ് പ്രേരിപ്പിക്കുന്നുണ്ട്. അതാവട്ടെ നമ്മുടെ ഊര്‍ജ്ജവും.
—------------------------------------------------------------------------------------------------------------------------
വി. ജിതിന്‍
(ഗവേഷകന്‍, നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫൌണ്ടേഷന്‍, മൈസൂര്‍)
പി. അഫ്‌ന
(വിദ്യാര്‍ത്ഥിനി, ഡോ. ആര്‍. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിങ് ആന്റ് ജി.ഐ.എസ്., സ്കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല, കോട്ടയം)
അഞ്ജിത ദേവരാജന്‍
(ഗവേഷക, സാലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിത്തോളജി ആന്റ് നാച്ചുറല്‍ ഹിസ്റ്ററി, കോയമ്പത്തൂര്‍)
コメント